12:56am 02 June 2026
NEWS
​ഖജനാവ് നിറയ്ക്കാൻ പുതിയ വഴികൾ; ധൂർത്ത് തടയും, കേന്ദ്രവുമായി ഏറ്റുമുട്ടലില്ല; വി.ഡി.സതീശന്റെ ആദ്യ ബഡ്ജറ്റ് 19ന്.
01/06/2026  11:15 AM IST
സുരേഷ് വണ്ടന്നൂർ
​ഖജനാവ് നിറയ്ക്കാൻ പുതിയ വഴികൾ; ധൂർത്ത് തടയും, കേന്ദ്രവുമായി ഏറ്റുമുട്ടലില്ല; വി.ഡി.സതീശന്റെ ആദ്യ ബഡ്ജറ്റ് 19ന്.

 

​തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തെ മുൻപോട്ട് നയിക്കാൻ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ കന്നി ബഡ്ജറ്റ് ജൂൺ 19-ന് അവതരിപ്പിക്കും. ജനങ്ങൾക്ക് മേൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലുള്ള ചോർച്ചകൾ തടഞ്ഞ് വരുമാനം വർദ്ധിപ്പിക്കാനുള്ള വിസ്മയകരമായ പ്രഖ്യാപനങ്ങളാകും ബഡ്ജറ്റിൽ ഉണ്ടാകുകയെന്നാണ് ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നൽകുന്ന സൂചന.
​ഭരണച്ചെലവുകളിലെ ധൂർത്ത് കർശനമായി നിയന്ത്രിച്ചും വരുമാന സ്രോതസ്സുകൾ കാര്യക്ഷമമാക്കിയും ഖജനാവ് നിറയ്ക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നത്. ഈ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കാൻ ബഡ്ജറ്റിന് മുന്നോടിയായി ഒരു 'ധവളപത്രം' പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
​കേന്ദ്രവുമായി അനുരഞ്ജനം; കേസ് പിൻവലിച്ചേക്കും
​കേന്ദ്ര സർക്കാരുമായി മുൻപുണ്ടായിരുന്ന പരസ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കി പരമാവധി കേന്ദ്രപദ്ധതികളും ഗ്രാന്റുകളും നേടിയെടുക്കാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി വായ്പാപരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസ് സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. ഇത് വഴി കേന്ദ്രത്തിൽ നിന്ന് വായ്പാ പരിധിയിൽ ഇളവുകൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
​നികുതി കൂട്ടാതെ ഒരു ലക്ഷം കോടി
​നികുതി നിരക്കുകൾ വർദ്ധിപ്പിക്കാതെ തന്നെ നികുതി പിരിവ് ഊർജ്ജിതമാക്കി നിലവിലെ വരുമാനമായ 86,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയിലെത്തിക്കും. പ്രധാനമായും സംസ്ഥാനത്തെ ഒന്നരലക്ഷം കോടിയുടെ സ്വർണവ്യാപാര മേഖലയിലെ നികുതി ചോർച്ച തടയുന്നതിലൂടെ മാത്രം ഈ രംഗത്തുനിന്നുള്ള വരുമാനം അഞ്ചിരട്ടിയോളം വർദ്ധിപ്പിക്കാൻ സാധിക്കും.
​ക്ഷേമബോർഡുകൾ സംയോജിപ്പിക്കും; ധൂർത്ത് തടയും
​രാഷ്ട്രീയ പുനരധിവാസ കേന്ദ്രങ്ങളായി കോടികൾ ഭരണച്ചെലവ് വരുത്തിവെയ്ക്കുന്ന വിവിധ ക്ഷേമബോർഡുകൾ സംയോജിപ്പിക്കാൻ സർക്കാർ കർശന നിലപാടെടുക്കും. ചെയർമാൻമാർ മുതൽ താഴോട്ടുള്ള വലിയ സംവിധാനങ്ങൾ വെട്ടിച്ചുരുക്കുന്നതിലൂടെ വലിയൊരു തുക ലാഭിക്കാൻ കഴിയും. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യന്ത്രസാമഗ്രികളുടെ ഐ.ജി.എസ്.ടി (IGST) വിഹിതം കൃത്യമായി വാങ്ങിയെടുക്കാൻ പുതിയ സംവിധാനം വരും. മുൻപ് വി.എസ്.എസ്.സി ലോഹടണൽ വാങ്ങിയ വിവരം സർക്കാരിനെ അറിയിച്ചതു വഴി 400 കോടി രൂപ നികുതി വിഹിതമായി ലഭിച്ചിരുന്നു. ഇത് മാതൃകയാക്കി എല്ലാ സ്ഥാപനങ്ങളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നാൽ 25,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാകും.
​പുതിയ നിക്ഷേപങ്ങളും ക്ഷേമപദ്ധതികളും
​കിഫ്ബി പരിഷ്കരിച്ച് വരുംദിനങ്ങളിൽ വരുമാനം ലഭിക്കുന്ന പദ്ധതികളിലേക്ക് മാത്രമായി ഫണ്ട് വഴിതിരിച്ചുവിടും. ദീർഘകാല വരുമാനം ലക്ഷ്യമിട്ട് കൂടുതൽ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ടൂറിസം മേഖലയിൽ പുതിയ നിക്ഷേപപദ്ധതികൾ കൊണ്ടുവരികയും ചെയ്യും. സമുദ്രമിഷൻ പോലുള്ള വലിയ പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
​കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുമ്പോഴും ജനപ്രിയ പദ്ധതികളായ ശമ്പള-പെൻഷൻ പരിഷ്കരണം, സാമൂഹ്യക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കൽ, വനിതകൾക്ക് സൗജന്യ ബസ് യാത്ര, 5 ലക്ഷം രൂപയുടെ പലിശരഹിത ബിസിനസ് വായ്പ, വിദ്യാർത്ഥിനികൾക്ക് 1,000 രൂപയുടെ സഹായം, 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' എന്നിവ നടപ്പിലാക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തും. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ കണക്കുകൂട്ടലുകളിൽ നിന്നും ധനകാര്യ കമ്മീഷൻ വിഹിതത്തിലും നികുതി വിഹിതത്തിലുമായി ഏതാണ്ട് 20,000 കോടിയോളം രൂപയുടെ കുറവ് വന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ബദൽ സാമ്പത്തിക പാത സർക്കാർ സ്വീകരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img